ഞാന്‍

മഴ നനഞ്ഞു നനഞ്ഞ്

മടുത്തപ്പോ

മഴയെ ഞാനൊരു കുടയാക്കി.

വാക്കുകള്‍ പറഞ്ഞു പറഞ്ഞ്

തളര്‍ന്നപ്പോ

അതിനെ ഞാനൊരു വരയാക്കി.

അവന്‍ വളര്‍ന്നു വളര്‍ന്ന്

നിറഞ്ഞപ്പോ

എന്നെ ഞാനൊരു നിഴലാക്കി.

കുഞ്ഞുമീന്‍

അപ്പുണ്ണിയേട്ടാ,അപ്പുണ്ണിയേട്ടാ,
കുഞ്ഞുമീന്‍ കിട്ട്യാ കുട്ടനു തര്വോ.
എന്തിനാ കുട്ടാ
പൊഴേല് വിടാന്‍ ,നീന്തണ കാണാന്‍.

അവന്‍

കരിങ്കല്ലു പതിച്ച നിരത്തുകള്‍ .
ചെമ്മണ്ണു പാറുന്ന ചവിട്ടടിപ്പാതകള്‍ .
ഇവിടെവിടെയോ ആണ് .
ഈ അഗ്രഹാരത്തിലെവിടെയോ .
പഴക്കുലകള്‍ തൂങ്ങുന്ന പെട്ടിക്കട .
നിലത്ത് ചതഞ്ഞു കിടന്ന് പുക വരുന്ന ബീഡിക്കുറ്റി .
ഭീമാകാരമായ ആളൊഴിഞ്ഞ കൊട്ടാരം .
ഭജന കേള്‍ക്കുന്ന വിശാലമായ മുറി .

പക്ഷേ...
ഇവിടം ശൂന്യമാണ്
.
മരങ്ങളുടെ മറ നീങ്ങിയപ്പോള്‍ വിശാലമായ പാടം .
ആദ്യമായൊരൊച്ച .
ദൂരെ പുളിമരത്തില്‍ കുട്ടികള്‍ ഊഞ്ഞാലാടിക്കളിക്കുന്നു .
വീണ്ടും വീടുകള്‍ .
അതെ .
ഈ ജനാലപ്പാളികള്‍ .
ഈ പൂപ്പലു പിടിച്ച ഓട് .
ഈ വീടു തന്നെയാണ് ഞാനന്വേഷിച്ചത് .
ഉമ്മറത്തിരുന്ന അമ്മൂമ്മ എന്നെക്കണ്ടപ്പോ എണീറ്റു പോയി .
അകത്തു നിന്ന് വയസ്സന്‍ കടന്നു വന്നു .
“അവന്‍ അകത്തുണ്ട് “ .
മരിച്ച ആരുടെയൊക്കെയോ ഫോട്ടോകള്‍ .
മണ്‍കലത്തില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്നു .
ക്ലാവുപിടിച്ച നിലവിളക്ക് .
അവിടെ അവന്‍ .
ചില്ലോട്ടില്‍ നിന്നുള്ള വെളിച്ചം മുഖത്തും ശരീരത്തിലും .
മേശപ്പുറത്ത് കാലുകള്‍ കയറ്റി വച്ചിരിക്കുന്നു .
അവന്‍ ‍പതുക്കെ എന്നെ നോക്കി .
പെട്ടെന്ന് മേശ മുന്നോട്ട് തട്ടി മറിച്ചിട്ട് അലറി .
“കടന്നു പോടാ പട്ടീ”
പേടിച്ച് അവിടെ നിന്നോടി .
ലാബിരിന്തു പോലെയുള്ള മുറികള്‍ .
ഒരു മുറി ...
ഞാനുപയോഗിക്കുന്ന മേശ .
ഞാനുപയോഗിക്കുന്ന പുസ്തകങ്ങള്‍ .
ഞാനുപയോഗിക്കുന്ന പേന .
മേശപ്പുറത്ത്...
എന്റെ ഫോട്ടോ.

ഞെട്ടി കണ്ണു തുറന്നു .
കിണറ്റിന്‍ കരയില്‍ .
എണീറ്റ് നടന്നു .
?
അഗ്രഹാരം .
പഴക്കുലകള്‍ തൂങ്ങുന്ന പെട്ടിക്കട .
നിലത്ത് ചതഞ്ഞു കിടന്ന് പുക വരുന്ന ബീഡിക്കുറ്റി .
ഭീമാകാരമായ ആളൊഴിഞ്ഞ കൊട്ടാരം .
ഭജന കേള്‍ക്കുന്ന ...

താമസസ്ഥലം

ഒരിടത്ത് താമസം തുടങ്ങി,ഒക്കെയൊന്ന് ഒരുക്കി ജീവിക്കാന്‍ തുടങ്ങുമ്പോള്‍ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അടുത്ത സ്ഥലത്തേക്ക് മാറേണ്ടി വരും.
അങ്ങനെയങ്ങിനെ എത്ര സ്ഥലങ്ങള്‍.
ചിലയിടത്ത് ഏതാനും ആഴ്ചകളേ താമസിക്കാനാകൂ.
താമസം സ്ഥിരമാകുമ്പോള്‍ ചെയ്യാമെന്നു വച്ച് ഒട്ടേറെ കാര്യങ്ങള്‍ മാറ്റിവയ്ക്കും.
എന്നാണ് സ്ഥിരമാകുക.
എത്ര കാലത്തേക്ക്...
ആര്‍ക്കറിയാം..!

തുടക്കം

ഒരുപാടൊരുപാട്‌ തുടക്കങ്ങള്‍.

പരിചിതമല്ലാത്ത ഒരു നാട്ടില്‍ ,രാത്രി,കൂട്ടുകാരന്റെ കൂടെ വാഹനങ്ങളും വലിയ കെട്ടിടങ്ങളും നിറഞ്ഞ വെളിച്ചത്തിനകത്തുകൂടെ നടന്ന്,ഒരു കുടുസ്സു മുറിയില്‍ എത്തി.
ക്ഷീണമുണ്ടെങ്ങിലും ഉറക്കം വരാതെ കിടന്നു.
പിറ്റേന്ന്, ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിന്റെ തുടക്കമാണെന്ന തിരിച്ചറിവോടുകൂടി ജോലിസ്ഥലത്തെത്തി.
പരിചിതമല്ലാത്ത ഒട്ടനേകം മുഖങ്ങള്‍.
ചിലര്‍ ഗൌരവത്തോടെയിരിക്കുന്നു.
ചിലര്‍, സഹതാപത്തോടെ നോക്കി നില്‍ക്കുന്നു.
അപൂര്‍വം ചിലര്‍ സ്നേഹം നിറഞ്ഞ പരിഗണനയോടെ നോക്കുന്നു.

എനിക്കായി ചൂണ്ടപ്പെട്ട കസേരയില്‍,ചുറ്റും നോക്കി ഇരുന്നു.